ഫ്രൈ ഐറ്റംസ് എന്തുമാകട്ടെ അതിനൊപ്പം സൈഡില്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ആ ഉള്ളിയുടെ കഷ്ണങ്ങള്‍ ഓരോന്നായി കഴിക്കുമ്പോള്‍ വല്ലാത്ത ഒരു സ്വാദാണല്ലേ? ഇത്തരത്തില്‍ പല വിഭവങ്ങളുടെ ഒപ്പവും നമ്മള്‍ ഉള്ളി പച്ചയ്ക്ക് അഥവാ പാകം ചെയ്യാതെ കഴിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ഉള്ളി കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് കണ്ടെത്തല്‍. അവ ഏതൊക്കെയെന്ന് നോക്കാം.
ദഹന പ്രശ്‌നങ്ങള്‍
പാകം ചെയ്യാതെ കഴിക്കുന്ന ഉള്ളിയില്‍ ഫ്രക്ടന്‍സ് (ദഹിക്കാന്‍ പ്രയാസമുള്ള ഒരു തരം കാര്‍ബോഹൈഡ്രേറ്റാണ്) അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി കഴിക്കുന്നത് വയറു വീര്‍ക്കല്‍, ഗ്യാസ്, വയറുവേദന എന്നിവയ്ക്ക് കാരണമായേക്കാം. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) ഉള്ളവരില്‍ ഇത് കൂടുതല്‍ അപകടകരമാണ്.
നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും
വയറ്റിനുള്ളിലെ ഇസോഫാഗല്‍ സ്പിന്‍സ്കറ്ററിനെ വിശ്രമിപ്പിക്കാന്‍ ഉള്ളിക്ക് കഴിയും. ഇത് വയറിലെ ആസിഡ് മുകളിലേക്ക് ഒഴുകാന്‍ കാരണമാകുന്നു. ഇത് നെഞ്ചെരിച്ചിലിനും ആസിഡ് റിഫ്‌ലകസ് എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു.
അലര്‍ജി
ഉള്ളി പച്ചക്ക് കഴിക്കുന്നത് വീക്കം, ചൊറിച്ചില്‍ പോലുള്ള അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായേക്കാം. ഇവ അപൂര്‍വമാണെങ്കിലും ഏതെങ്കിലും തരത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
രക്തസ്രാവത്തിനുള്ള സാധ്യതകള്‍
ആന്റിപ്ലേറ്റ്ലെറ്റ് ഇഫക്റ്റുകള്‍ ഉള്ള ഒരു പച്ചക്കറിയാണ് ഉള്ളി. അതുകൊണ്ട് തന്നെ ഉള്ളിക്ക് സ്വാഭാവികമായി രക്തം നേര്‍പ്പിക്കുന്ന സ്വഭാവമുണ്ട്. ഇത് അമിതമായി കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ ഇവ ഒഴിവാക്കാന്‍ ശ്രമിക്കുക.




