വാണിയമ്പലം തൊടികപ്പുലം പുള്ളിപ്പാടത്ത് റെയിൽവേ പുറമ്പോക്കിലെ കുറ്റിക്കാട്ടിൽ ദലിത് വിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ 16 വയസ്സുകാരനെ വെള്ളിമാടുകുന്ന് ജുവനൈൽ ഒബ്സർവേഷൻ കേന്ദ്രത്തിലേക്കു മാറ്റി. കൊലപാതകം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ രാവിലെ തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: 15ന് രാത്രി പെൺകുട്ടിയുടെ മാതാവ് കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകി. ഒൻപതാം ക്ലാസ് വിദ്യാർഥിനി പഠിച്ചിരുന്ന സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. കാണാതായ പെൺകുട്ടി അന്നു വൈകിട്ടു വരെ പ്ലസ്ടു വിദ്യാർഥിയുടെ ഒപ്പം ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്, പെൺകുട്ടിയെ തൊടികപ്പുലം പുള്ളിപ്പാടത്തെ റെയിൽപാളത്തിനു സമീപമുള്ള വിജനസ്ഥലത്തു വച്ചു പീഡിപ്പിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായി മൊഴി നൽകിയത്.
മൃതദേഹം സംഭവസ്ഥലത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായും പറഞ്ഞു. ഇവിടത്തെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുമെന്നും കൊലപാതകത്തിലേക്കു നയിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വിദ്യാർഥിയുമായി അടുപ്പമുള്ളവരെയും ചോദ്യം ചെയ്തേക്കും. വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കരുവാരകുണ്ടിലെ വീട്ടിലെത്തിച്ചു സംസ്കരിച്ചു.




