സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് വിട വാങ്ങിയത്.
മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. അദ്ദേഹം അടുത്തിടെ തിമിരശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
1985ൽ 33-ാം വയസിൽ സിപിഎം സെൻട്രല്‍ സെക്രട്ടേറിയറ്റ് അംഗമായ സീതാറാമിന്റെ രാഷ്ട്രീയ ജീവിതം ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ മുന്നണി രാഷ്ട്രീയ ചരിത്രം കൂടിയാണ്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശിയായ സീതാറാം യെച്ചൂരി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലായിരുന്നു ജനിച്ചത്. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പിൽ എഞ്ചിനീയറായ സർവേശ്വര സോമയാജുലയുടെയും സർക്കാർ ഉദ്യോഗസ്ഥയായ കൽപ്പകം യെച്ചൂരിയുടെയും മകൻ. സ്കൂൾ പഠനം ഹൈദരാബാദിൽ.