ദില്ലി: രാജ്യത്ത് കൊവിഡ് രോഗികള്‍ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകള്‍ 5364 ആയി ഉയര്‍ന്നു. 498 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചു. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തില്‍ 192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളില്‍ 31% കേരളത്തിലാണ്.
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയികുന്നു. സംസ്ഥാനങ്ങളോട് ഓക്‌സിജന്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിര്‍ദേശം നല്‍കിയത്. രോഗങ്ങളുള്ളവള്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. രോഗവ്യാപനം തടയുന്നതിനായി ജനങ്ങള്‍ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കള്‍ പടരാതെ ശ്രദ്ധിക്കണം, രോഗങ്ങളുള്ളവര്‍ ആള്‍ക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. ശ്വാസകോശ രോഗങ്ങളുള്ളവര്‍ സൂക്ഷിക്കണമെന്നും, ഗുരുതര രോഗ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടണമെന്നും നിര്‍ദേശിച്ചു. പരിശോധന കൂട്ടാനും നിര്‍ദേശമുണ്ട്. ശ്വാസകോശ രോഗം ബാധിച്ച എല്ലാവരെയും, പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളുള്ളവരില്‍ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവില്‍ നിര്‍ദേശമുള്ളത്.