പാലക്കാട്: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജി എന്ന ഷിജുവിനെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ തമിഴ്നാട് സ്വദേശി മാതേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂലൈ 18-നാണ് മണപ്പാടത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽനിന്ന് രാത്രി ബൈക്ക് മോഷണം പോയത്. അന്വേഷണത്തിനൊടുവിൽ മൂന്ന് ദിവസത്തിനകം തമിഴ്നാട്ടിൽനിന്ന് ബൈക്ക് കണ്ടെത്തി. ബൈക്ക് കൈവശം വെച്ചിരുന്ന മാതേഷിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഷിജുവാണ് ബൈക്ക് മോഷ്ടിച്ച് കൈമാറിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിജുവിനെ കഴിഞ്ഞ ദിവസം മണപ്പാടത്തുനിന്ന് പിടികൂടിയത്. അറസ്റ്റിലായ ഇരുവരും മുൻപ് നിരവധി കഞ്ചാവ് കേസുകളിലും വാഹന മോഷണക്കേസുകളിലും പ്രതികളാണെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.




