പി.വി അന്‍വറിനെതിരായ അന്വേഷണം പുരോഗമിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ 14.38 കോടി ആയിരുന്ന അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കി. വാര്‍ത്താകുറിപ്പിലാണ് വിശദീകരണം. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്‌സി വഴി തരപ്പെടുത്തിയെന്നും വിശദീകരിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ 17ാം വകുപ്പ് പ്രകാരമാണ് പിവി അന്‍വറുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതെന്നും ഇഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെഎഫ്‌സിയില്‍ നിന്ന് എടുത്ത ലോണ്‍ പിവിആര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിക്കായി ആണ് ഉപയോഗിച്ചത്. പിവിആര്‍ മെട്രോ വില്ലേജില്‍ നടത്തിയ പരിശോധനകളില്‍ സ്‌കൂളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, റിസോര്‍ട്ട്, വില്ലാ പ്രോജക്റ്റുകള്‍, അപ്പാര്‍ട്ട്മെന്റ്കള്‍ ഉള്‍പ്പെടെ വിപുലമായ നിര്‍മ്മാണ-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. പല നിര്‍മാണങ്ങളും കൃത്യമായ അംഗീകാരം ലഭിക്കാതെയാണ് നടക്കുന്നത്.
വായ്പയായി ലഭിച്ച പണം ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് അല്ലാതെ ഉപയോഗിച്ചു. പരിശോധനയ്ക്കിടെ, വില്‍പന കരാറുകള്‍, സാമ്പത്തിക രേഖകള്‍,ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. കെ.എഫ്.സി ഉദ്യോഗസ്ഥരില്‍ നിന്ന് എടുത്ത മൊഴികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടു. ബിനാമികളുടെതെന്ന് സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തിയതായും ഇഡി വാര്‍ത്താകുറിപ്പില്‍ പറയുന്നു.




