മലപ്പുറം: അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പില്‍ നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. വടകര സ്വദേശി പി കെ മുബഷീറിനെ (29)യാണ് ഞായറാഴ്ച കണ്ടെത്തിയത്.
ക്യാമ്പില്‍ നിന്ന് പോയ മുബഷീര്‍, വടകരയിലെ വീട്ടിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം അരീക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ജോലി സമ്മര്‍ദം കാരണമാണ് മുബഷീര്‍ ക്യാമ്പില്‍ നിന്ന് പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അരീക്കോട് സ്റ്റേഷനില്‍ എത്തിയപ്പോഴും ഇനി ജോലിയില്‍ തുടരാനാവില്ലെന്ന് പറഞ്ഞ് യുവാവ് കരഞ്ഞതായും പൊലീസുകാര്‍ പറഞ്ഞു. മുബഷീറിനെ കാണാനില്ലെന്ന് അരീക്കോട് എംഎസ്പി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് അരീക്കോട് പൊലീസിലും ഭാര്യ ഷാഹിന ബത്തേരി പൊലീസിലും പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പില്‍ നിന്ന് കാണാതായത്. ഇതിനുപിന്നാലെ മുബഷീറിന്റെ പേരിലെഴുതിയ കത്തും പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനം സഹിച്ച് ഇനിയും ക്യാമ്പില്‍ തുടരാനാവില്ലെന്നാണ് കത്തിലുണ്ടായിരുന്നത്. മെസ്സില്‍ കട്ടന്‍ചായ നിര്‍ത്തലാക്കിയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും കത്തിലുണ്ടായിരുന്നു.
ഈ വിഷയത്തിന്റെ പേരില്‍ ക്യാമ്പില്‍ ദ്രോഹിച്ചതായും പാലക്കാട് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായും കത്തില്‍ ആരോപിച്ചിരുന്നു. മാത്രമല്ല, കാനഡയിലായിരുന്ന ഭാര്യ രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയിട്ടും തന്നോടുള്ള പക കാരണം ഭാര്യയെ കാണാന്‍ ഒരുദിവസത്തെ അവധി പോലും അനുവദിച്ചില്ലെന്നും കത്തിലുണ്ടായിരുന്നു.
മേലുദ്യോഗസ്ഥരുടെ പീഡനം ഉള്‍പ്പെടെ ആരോപിച്ചുള്ള കത്ത് പുറത്തുവന്നതിന് പിന്നാലെ ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയേക്കുമെന്നും സൂചനയുണ്ട്.