എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ. കെഎഫ്സിയുമായി ബന്ധപ്പെട്ട ഒരു വിഷയം ആണ്. എംഎൽഎ ആകുന്നതിന് മുൻപ് എടുത്ത ലോണുമായി എടുത്ത പ്രശ്നം ആണ്. എടുത്ത ലോണിനേക്കാൾ നിർമാണം നടത്തി എന്ന സംശയത്താൽ ആയിരുന്നു പരിശോധനയെന്ന് പി.വി അൻവർ പറഞ്ഞു.
9.5 കോടിയാണ് ലോൺ എടുത്തത്. ആറ് കോടിയോളം അടച്ചു. ലോൺ ഒറ്റ തവണ തീർപ്പാക്കലിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. ഒരേ സ്ഥാപനത്തിൽ നിന്നാണ് രണ്ട് ലോൺ എടുത്തത്. എല്ലാവർക്കും വൺ ടൈം സെറ്റിൽമെൻ്റ് നൽകുന്ന കെഎഫ്സി തനിക്ക് മാത്രം ഇത് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാകുമെന്നും ഇഡി അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഉണ്ടോയെന്നും അൻവർ ചോദിച്ചു.
അതേസമയം, യുഡിഎഫ് പ്രവേശനം ഉണ്ടാകുമെന്ന് പി.വി അൻവർ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആദ്യമേ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചിലയിടങ്ങളിൽ സൗഹൃദ മത്സരങ്ങൾ ഉണ്ട്. അതെല്ലാം യുഡിഎഫിന് ജയിക്കാൻ പറ്റാത്ത ഇടങ്ങളിൽ ആണ്. അത് യുഡിഎഫിന് തടസം ആകില്ലെന്ന് അദേഹം പറഞ്ഞു.
യുഡിഎഫ് പ്രവേശനത്തിനായി സംസ്ഥാന നേതൃത്വം പല വട്ടം ഇടപെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പ്രദേശിക ഇടപെടൽ ആണ് വിഷയം. സന്ദീപ് വാര്യർക്ക് കിട്ടിയ പരിഗണനയുടെ പകുതി എങ്കിലും കിട്ടണ്ടേ. 24നുള്ളിൽ യുഡിഎഫ് നേതൃത്വം തീരുമാനം പറയും എന്ന് ആണ് പ്രതീക്ഷയെന്നും പി.വി അൻവർ വ്യക്തമാക്കി.




