മലപ്പുറത്ത് പന്നി വേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു. ചട്ടിപറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് മരിച്ചത്. പന്നിയെ പിടിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു ഇര്‍ഷാദ്. സംഘത്തിലുണ്ടായിരുന്നവര്‍ക്ക് ഉന്നതെറ്റി മാറി കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇത്തരത്തിലൊരു ദൗര്‍ഭാഗ്യകരമായി സംഭവമുണ്ടായത്. ചട്ടിപ്പറമ്പില്‍ കാടുപിടിച്ച സ്ഥലത്ത് വേട്ടയാടന്‍ പോയ സംഘത്തില്‍ ഉള്‍പ്പെട്ടയാളായിരുന്നു ഇര്‍ഷാദ്. വേട്ടയ്ക്കിടെ അബദ്ധത്തില്‍ ഇര്‍ഷാദിന് വേടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാടന്‍ തോക്കില്‍ നിന്ന് വെടിയേറ്റത്തിനെ തുടര്‍ന്ന് ഇര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വയറ്റിലായിരുന്നു വെടിയേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം നടത്തി വരുകയാണ്.