വളാഞ്ചേരി: കളിമണ്ണില്‍ പാത്രം നിര്‍മിച്ചു ജീവിതപ്പച്ച തേടിയവര്‍ക്കു തിരിച്ചടി. പാത്രനിര്‍മാണത്തിന് ആവശ്യമായ കളിമണ്ണിന്റെ ലഭ്യതക്കുറവും ജിയോളജി പാസ് ലഭിക്കുന്നതിനുള്ള സങ്കീര്‍ണതയുമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു കാലത്ത് ഒട്ടേറെപ്പേര്‍ക്കു തൊഴിലും വരുമാനവുമായിരുന്ന മേഖലയാണു മണ്‍പാത്രനിര്‍മാണം. വളാഞ്ചേരി മേഖലയില്‍ ഇരിമ്പിളിയം, പുറമണ്ണൂര്‍, മങ്കേരി, മേച്ചേരിപ്പറമ്പ് ഭാഗങ്ങളിലായി നൂറിലധികം കുടുംബങ്ങള്‍ ഈ കുലത്തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. പട്ടാമ്പി ഭാഗത്തു നിന്നാണു പാത്രം നിര്‍മിതിക്കുള്ള മണ്ണ് എത്തിക്കുന്നത്. മണ്ണിന്റെ ലഭ്യതക്കുറവും നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങളുടെ നൂലാമാലകളും തിരിച്ചടിയായ സ്ഥിതിയാണ്. ഒഇസി വിഭാഗക്കാരായ ഇവര്‍ക്ക് അധികൃതരില്‍ നിന്നു സംരക്ഷണം കുറവാണ്.
മങ്കേരി ഭാഗത്ത് കളിമണ്ണ് സുലഭമാണെങ്കിലും നെല്‍ക്കൃഷിയെ ബാധിക്കുമെന്ന പേരില്‍ മണ്ണ് ഖനനം നിരോധിച്ചിരിക്കുകയാണ്. വരുമാനക്കുറവും പണിക്കൂടുതലും കാരണം പുതുതലമുറ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല എന്നതും മേഖലയുടെ തളര്‍ച്ചയ്ക്കു കാരണമാണ്. സര്‍ക്കാര്‍ അടക്കം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളും ഇവര്‍ക്ക് അന്യമാണ്. ഇവരുടെ ഉന്നതിക്ക് എന്ന പേരില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് മണ്‍പാത്ര നിര്‍മാണ വിപണന വികസന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു ഗുണവുമില്ല. മരപ്പൊടിയും ചകിരിയും ചൂളകളിലേക്ക് എത്തിക്കുക എന്നതു പണച്ചെലവേറിയതാണ്. പഴയ കാലത്ത് കൈത്തൊഴിലായി പാത്രനിര്‍മാണം നടത്തിയിരുന്നുവെങ്കിലും മിക്കയിടത്തും യന്ത്രങ്ങളേയും ആശ്രയിക്കുന്നു. ഇതും ചെലവേറാന്‍ കാരണമായി. അടുത്ത കാലത്തായി ആവശ്യക്കാര്‍ കുറഞ്ഞതോടെ ഗ്രാമീണ മേഖലയില്‍ മണ്‍പാത്രങ്ങള്‍ ചുമന്നു വീടുകളില്‍ എത്തിയിരുന്ന സ്ത്രീകളും ഇപ്പോള്‍ അപൂര്‍വ കാഴ്ചയാണ്.
ഇടപെടല്‍ വേണമെന്ന് ഐഎന്‍ടിയുസി:
വളാഞ്ചേരി മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ സംരക്ഷണത്തിനു അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടല്‍ വേണമെന്ന് ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ബാവ കാളിയത്ത് ആവശ്യപ്പെട്ടു. കുലത്തൊഴില്‍ സംരക്ഷിക്കണം. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങള്‍ നല്‍കണം. അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.