പത്തനംതിട്ട: റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ശബരിമല റോപ് വേ നിർമാണം അനിശ്ചിതത്വത്തിൽ. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കണ്ടെത്തിയ ഭൂമിയും വനഭൂമിയാണെന്ന നിലപാടിലാണ് വനംവകുപ്പ്. ഇതോടെ പദ്ധതിയുടെ തുടർനടപടികൾ പ്രതിസന്ധിയിലായി.
പെരിയാർ കടുവാസങ്കേതത്തിലെ ഭൂമിക്ക് പകരമായി റവന്യൂ വകുപ്പ് കണ്ടെത്തിയത് ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറയിലുള്ള നാലര ഹെക്ടർ ഭൂമിയാണ്. എന്നാൽ ഈ ഭൂമിയും വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ വാദം. നേരത്തെ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയും വനംവകുപ്പ് എതിർപ്പ് അറിയിച്ചിരുന്നു.
ശബരിമല റോപ് വേ നിർമാണത്തിനായി 2015-ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കരാർ കമ്പനിയുമായി കരാറിലേർപ്പെട്ടത്. 2023 മെയ് മാസത്തിൽ പദ്ധതിയുടെ സർവേയും പൂർത്തിയാക്കിയിരുന്നു. പമ്പാ ത്രിവേണിക്ക് സമീപമുള്ള ഹിൽ ടോപ്പിൽനിന്ന് ആരംഭിച്ച് മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം അവസാനിക്കുന്നതാണ് രണ്ടര കിലോമീറ്ററോളം ദൈർഘ്യമുള്ള നിർദിഷ്ട റോപ് വേ.
പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി ലഭ്യമാക്കണമെന്നാണ് വനംവകുപ്പിന്റെ നിലപാട്. എന്നാൽ പകരം കണ്ടെത്തിയ ഭൂമിയുടെ കാര്യത്തിലും തർക്കം നിലനിൽക്കുകയാണ്.
തിരക്കേറിയ തീർഥാടന കാലത്ത് ട്രാക്ടറുകൾ ഉപയോഗിച്ചുള്ള ചരക്കുനീക്കം ഭക്തർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് റോപ് വേ പദ്ധതി ആസൂത്രണം ചെയ്തത്. ചരക്കുനീക്കം സുഗമമാക്കുന്നതിനും തീർഥാടകർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇപ്പോൾ വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ കുടുങ്ങിയിരിക്കുന്നത്.




