തിരുവനന്തപുരം കോവളത്തെ സ്പായിൽ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസന്വേഷണത്തിനായി സൈബർ വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പെൺകുട്ടിയെ ഉപദ്രവിച്ചവരെ തിരിച്ചറിയുന്നതിനായി തിരിച്ചറിയൽ പരേഡ് നടത്തും. ചെന്നൈയിലും പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന.
ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെ വിവിധ സ്പാകളിൽ എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. അന്തർസംസ്ഥാന റാക്കറ്റിന്റെ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്പാകളിൽ എത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അച്ഛനും അമ്മയും മരിച്ച പെൺകുട്ടി പിന്നീട് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ബന്ധുക്കൾ കുട്ടിയെ കോവളത്ത് എത്തിച്ചത്. വിവിധ സ്പാകളിൽ നിർത്തി ചൂഷണം ചെയ്തതായാണ് ആരോപണം. പീഡനം സഹിക്കാനാകാതെ സ്പായിലുണ്ടായിരുന്ന മലയാളിയായ യുവാവിനൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുവായ ഇളയമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിങ്ങിലുമാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. കുട്ടി പൊലീസിനോട് കാര്യങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ പിടിയിലായ പെൺകുട്ടിയുടെ ഇളയമ്മയെയും ഭർത്താവിനെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാഗലക്ഷി, ഗോപി എന്നിവർക്കും രണ്ട് സ്പാ ഉടമകൾക്കുമാണ് നിലവിൽ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതിനിടെ, സ്പാകളിലെ ബിനാമി ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്കും പരിശോധിക്കുന്നുണ്ട്. ഇയാളുടെ അക്കൗണ്ടുകളിലേക്ക് സ്പാകളിൽനിന്ന് പണം കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അറസ്റ്റിലായ നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളത്തെ സ്പായിലെ സ്ഥിരം സന്ദർശകനുമാണ് ഇയാളെന്നാണ് വിവരം.
പെൺകുട്ടിയെ ചൂഷണം ചെയ്തവരെ കണ്ടെത്തുന്നതിനും സംഭവത്തിന് പിന്നിലെ അന്തർസംസ്ഥാന ബന്ധങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുമാണ് പ്രത്യേക അന്വേഷണ സംഘം മുൻഗണന നൽകുന്നത്.




