തിരുവനന്തപുരം: കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ അധ്യാപകൻ പ്രാണരക്ഷാർഥം കയറിയത് കൂറ്റൻ റബ്ബർ മരത്തിൽ. തിരികെ ഇറങ്ങാനാകാതെ മണിക്കൂറുകളോളം മരക്കൊമ്പിൽ കുടുങ്ങിയ അധ്യാപകനെ ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വെള്ളറട സ്വദേശി കോവില്ലൂർ രാധാകൃഷ്ണൻ (53) ആണ് മരത്തിൽ കുടുങ്ങിയത്. അധ്യാപകനും കവിയും നാടകകൃത്തുമാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസം രാവിലെ കോവില്ലൂർ–കലപ്പക്കോണം ഭാഗത്തെ സ്വന്തം തോട്ടത്തിൽ റബ്ബർ ടാപ്പിങ് നടത്തുന്നതിനിടെയാണ് സംഭവം. കാടുപിടിച്ച സ്ഥലത്തുനിന്ന് കാട്ടുപന്നി പെട്ടെന്ന് പാഞ്ഞടുത്തതോടെ രക്ഷപ്പെടാനായി സമീപത്തെ കൂറ്റൻ റബ്ബർ മരത്തിൽ കയറുകയായിരുന്നു. എന്നാൽ ഭയം മാറിയപ്പോഴാണ് മരത്തിന്റെ മുകൾഭാഗത്താണ് എത്തിയതെന്നും താഴെയിറങ്ങാൻ കഴിയില്ലെന്നും മനസ്സിലായത്.
രണ്ട് ശിഖരങ്ങൾ ചേരുന്ന ഭാഗത്ത് കുടുങ്ങിയ അധ്യാപകൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും പാറശാല ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു.
തുടർന്ന് സ്ഥലത്തെത്തിയ പാറശാല ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് അധ്യാപകനെ സുരക്ഷിതമായി താഴെയിറക്കിയത്. ചെറിയ മരങ്ങളിൽ പോലും കയറിപ്പരിചയമില്ലാത്ത അധ്യാപകന് കാട്ടുപന്നിയെ ഭയന്ന് നേരിടേണ്ടിവന്നത് ജീവിതത്തിലെ അപൂർവ അനുഭവമായി.




