ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് നടപടി.
എൻഎഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയർ ഡിസൈൻ ഓഫീസറുമായ മുഹമ്മദ് അഷ്റഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന പരാതിയിൽ ലീഡിങ് ഫയർമാൻ എം.വി. ജിജിത്തിനെതിരെയാണ് കേസ്.
എൻഎഡി ഡെപ്യൂട്ടി ജനറൽ മാനേജർ ബി. ലക്ഷ്മി പ്രസന്നകുമാർ കഴിഞ്ഞ ജനുവരി 12ന് റൂറൽ എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എടത്തല എസ്.ഐ എസ്.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ നിയമന ഉത്തരവുമായി ഒരാൾ എൻഎഡിയിൽ ജോലിക്കായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമന ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്.
വ്യാജ ഉത്തരവ് തയ്യാറാക്കിയതായി ആരോപണമുള്ള ജിജിത്ത് നിലവിൽ സസ്പെൻഷനിലാണ്. ജിജിത്തിനെയും വ്യാജ നിയമന ഉത്തരവ് കൈപ്പറ്റിയ വ്യക്തിയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.




