തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിമാനത്താവള നടത്തിപ്പ് കമ്പനിയായ അദാനി വൻതുക ഈടാക്കുന്നുവെന്നാണ് പരാതി. ഒക്ടോബർ ഒന്ന് മുതലാണ് പുതുക്കിയ പാർക്കിങ് നിരക്ക് നിലവിൽ വന്നത്.
ഫീസ് വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു. ടാക്സി വാഹനങ്ങളുടെ എൻട്രി ഫീസ് വർധിപ്പിച്ചത് പിൻവലിക്കുക, വിമാനത്താവള ജീവനക്കാരുടെ പാർക്കിങ് ഫീസ് ഒഴിവാക്കുക, വാഹനങ്ങൾക്ക് അനുവദിക്കുന്ന സൗജന്യ പ്രവേശന സമയം 15 മിനിറ്റായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂർ വരെ 50 രൂപയും ഒരു മണിക്കൂറിന് 100 രൂപയുമാണ് ഫീസ്. 24 മണിക്കൂർ പാർക്ക് ചെയ്യാൻ 300 രൂപ നൽകണം.
ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മുച്ചക്ര വാഹനങ്ങൾക്ക് എട്ട് മിനിറ്റിന് ശേഷം 50 രൂപയും അരമണിക്കൂറിന് 80 രൂപയും ഒരു മണിക്കൂറിന് 100 രൂപയുമാണ് നിരക്ക്. ഒരു ദിവസത്തെ പാർക്കിങ്ങിന് 500 രൂപ നൽകണം.
നാലുചക്ര വാഹനങ്ങൾക്ക് അരമണിക്കൂറിന് 150 രൂപയും ഒരു മണിക്കൂറിന് 200 രൂപയുമാണ് ഈടാക്കുന്നത്. 24 മണിക്കൂർ പാർക്കിങ്ങിന് 1000 രൂപയാണ് നിരക്ക്. സ്വകാര്യ നാലുചക്ര വാഹനങ്ങൾക്ക് ആദ്യ എട്ട് മിനിറ്റ് സൗജന്യമാണ്.
ടെമ്പോ, കാരവൻ, മിനിബസ്, ബസ്, കോച്ച്, ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങൾക്ക് എട്ട് മിനിറ്റിന് ശേഷം അരമണിക്കൂർ വരെ 600 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 200 രൂപ അധികവുമാണ് ഈടാക്കുന്നത്. 24 മണിക്കൂർ പാർക്കിങ്ങിന് 3000 രൂപ നൽകണം.
അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്കും പുതിയ നിരക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് പരാതി.
അദാനിയുടെ ചുമതലയിലുള്ള വിവിധ വിമാനത്താവളങ്ങളിൽ പാർക്കിങ്, എൻട്രി ഫീസ് വർധിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും നിരക്ക് പുതുക്കിയതെന്നും അധികൃതർ വ്യക്തമാക്കി.




