കൊൽക്കത്ത: ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഇന്ത്യ–ബ്രസീൽ പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിൽ കിക്കോഫ്. രാത്രി ഏഴരയ്ക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
വിനീഷ്യസ് ജൂനിയർ, മാർക്വീഞ്ഞോസ്, മതിയാസ് കൂന്യ, ഡാനിലോ, എൻഡ്രിക്ക്, മഗാലയസ്, മാർട്ടിനെല്ലി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ടീമിനെ പരിശീലിപ്പിക്കുന്നത് കാർലോ ആൻചലോട്ടിയാണ്. ഇന്ത്യയെ വിലകുറച്ച് കാണുന്നില്ലെന്ന് ആൻചലോട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ഫിഫ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും 138-ാം സ്ഥാനത്തുള്ള ഇന്ത്യയും നേർക്കുനേർ എത്തുമ്പോൾ വൻ പ്രതീക്ഷയിലാണ് ആരാധകർ.
ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിൽ റയാൻ വില്യംസ്, മൻവീർ സിംഗ്, ആകാശ് മിശ്ര തുടങ്ങിയ താരങ്ങൾ ശ്രദ്ധേയ സാന്നിധ്യമാണ്. സഹൽ, ആഷിഖ്, ബിജോയ്, സനാൻ തുടങ്ങിയ മലയാളി താരങ്ങളും ടീമിന്റെ ഭാഗമാണ്.
കൊൽക്കത്തയിൽ കാൽപ്പന്തിന്റെ ആവേശം വാനോളമുയരുമ്പോൾ, ബ്രസീലിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ആരാധകർ കാത്തിരുന്ന ആ ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം.




