തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നീക്കം. മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ മൈക്ക് നൽകുകയും, മൈക്കിലൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രമേ മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്യുന്ന രീതിയാണ് ആലോചിക്കുന്നത്.
വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ഒരേസമയം ചോദ്യങ്ങൾ ചോദിക്കുന്നത് ബഹളത്തിന് ഇടയാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണത്തിന് നീക്കം. ബഹളം കാരണം ചോദ്യങ്ങൾ വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇതുമായി ബന്ധപ്പെട്ട ആലോചനകൾ പുരോഗമിക്കുന്നത്. പിആർഡിയുമായി കൂടിയാലോചിച്ചാകും അന്തിമ ക്രമീകരണങ്ങൾ തീരുമാനിക്കുക.
അതേസമയം, അസുഖകരമായ ചോദ്യങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെയും ദൃശ്യങ്ങളിൽ ഉൾപ്പെടുത്തുന്ന തരത്തിലുള്ള ക്രമീകരണങ്ങളും പരിഗണനയിലുണ്ട്.
കൊവിഡ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങളിലും മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകി ചോദ്യം ചോദിക്കാൻ അവസരം ഒരുക്കിയിരുന്നു. സമാനമായ രീതിയിലുള്ള ക്രമീകരണമാണ് ഇപ്പോൾ പരിഗണിക്കുന്നത്.




