മധുര: തമിഴ്നാട് സർക്കാറിന്റെ അഭിമാനപദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് മധുര രാജാജി സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്ക് 12ന് പദ്ധതി ഉദ്ഘാടനം ചെയ്യും.
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം സ്വർണമോതിരവും ബേബി കിറ്റും നൽകുന്നതാണ് പദ്ധതി. 2026 ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
സെപ്റ്റംബർ 15നായിരുന്നു നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടർന്നാണ് ഉദ്ഘാടനം ഇന്നത്തേക്ക് മാറ്റിയത്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. സ്വർണത്തിന്റെ ഗുണമേന്മയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും 916 ഹാൾമാർക്ക് സ്വർണമാണ് നൽകുകയെന്നും ആരോഗ്യമന്ത്രി കെ.ജി. അരുണ്‍രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചെങ്കൽപേട്ട്, തിരുപ്പൂർ ജില്ലകളിൽ പദ്ധതി നിലവിൽ നടപ്പാക്കില്ല.
പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി മധുരയിലെ നവീകരിച്ച ഗാന്ധി മ്യൂസിയം ജനങ്ങൾക്കായി തുറന്നുകൊടുക്കും. തുടർന്ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാകും മുഖ്യമന്ത്രി മടങ്ങുക.




