തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിർദ്ദേശം.
ഊർജം കൂടുതൽ ആവശ്യമായ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റണമെന്ന് സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചു. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനം പരമാവധി സോളാർ സമയത്തേക്ക് മാറ്റണമെന്നും നിർദ്ദേശമുണ്ട്.
സർക്കാർ ഓഫീസുകളിലും വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ നിർദ്ദേശം നൽകി. എയർകണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും അധിക പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.
അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്ത് മാത്രമായി നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇന്നലെ രാത്രി കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമായതിനാൽ രാത്രി ഒൻപത് മണിക്ക് ശേഷം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയില്ല.
വേ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് ഇന്ന് മുതൽ 200 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാകും. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയത്താണ് ഈ വൈദ്യുതി ലഭിക്കുക. അടുത്ത മാസം 31 വരെ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് കരാർ. ഒരു യൂണിറ്റിന് 11 രൂപയാണ് നിരക്ക്.
അന്തരീക്ഷ താപനില കുറഞ്ഞതും മഴ ലഭിച്ചതും വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവിന് കാരണമായിട്ടുണ്ട്. എന്നാൽ ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.




