ചൈനീസ് നഗരമായ ഗ്വാങ്‌ഷൂവിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതൽ ചൈന സതേൺ എയർലൈൻസ് സർവീസ് ആരംഭിക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. ആറ് വർഷമായി നിർത്തിവച്ചിരുന്ന ഗ്വാങ്‌ഷൂ–ന്യൂഡൽഹി സർവീസാണ് പുനരാരംഭിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻഡിഗോ ഡൽഹിയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സമവായത്തിലെത്തിയിരുന്നു.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ ദക്ഷിണേഷ്യയിലെ എട്ട് റൂട്ടുകളിലായി ചൈന സതേൺ എയർലൈൻസിന്റെ പ്രതിവാര സർവീസുകളുടെ എണ്ണം നൂറിന് മുകളിലെത്തും.
ബീജിംഗ്–ഡൽഹി റൂട്ടിൽ എയർ ചൈനയും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. കുൻമിംഗ്–കൊൽക്കത്ത റൂട്ടിൽ ചൈന ഈസ്റ്റേൺ എയർലൈൻസും നേരിട്ടുള്ള സർവീസ് നടത്തുന്നുണ്ട്.
കോവിഡ് മഹാമാരിക്ക് പിന്നാലെയും തുടർന്ന് ഡോക്ലാം, ഗാൽവാൻ സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യ–ചൈന ബന്ധത്തിലുണ്ടായ വിള്ളലിന്റെയും പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകൾ വലിയ തോതിൽ നിലച്ചത്. ഇപ്പോൾ വ്യോമഗതാഗത ബന്ധം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുകയാണ് ഇരു രാജ്യങ്ങളും.




