ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി. അപകടത്തിൽ ഇതുവരെ 12 പേരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായ കണക്കില്ലെന്ന് എൻഡിആർഎഫ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്ന് അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അനധികൃത കെട്ടിടങ്ങൾക്കെതിരായ നടപടി ശക്തമാക്കാൻ എംസിഡി തീരുമാനിച്ചു. നാല് നിലയിൽ കൂടുതലുള്ള അനധികൃത കെട്ടിടങ്ങൾക്കെതിരെ പരിശോധന നടത്തി സീൽ ചെയ്യാനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകി.
അപകടത്തിന്റെ കാരണം അന്വേഷിക്കാൻ ഡൽഹി സർക്കാർ മജിസ്റ്റീരിയൽ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.




