പാലക്കാട്: പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടാണ് അപകടമുണ്ടായത്. സത്രംകാവിന് സമീപം കണ്ടെയ്‌നർ ലോറിയും മരപ്പൊടി കയറ്റിവന്ന പെരിന്തൽമണ്ണ രജിസ്ട്രേഷൻ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾക്കും തീപിടിച്ചു. അപകടത്തിൽ പൊള്ളലേറ്റ മരപ്പൊടി ലോറിയുടെ ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീൻ മരിച്ചു. കണ്ടെയ്‌നർ ലോറി ഡ്രൈവറായ അന്യസംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തെ തുടർന്ന് പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മുണ്ടൂർ മുതൽ കല്ലടിക്കോട് വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. അപകടത്തെ തുടർന്നുള്ള നടപടികൾ പുരോഗമിക്കുകയാണ്.




