മുംബൈ: വസ്ത്രധാരണത്തെച്ചൊല്ലി വിവാദമുയർന്നതോടെ നടി കൃതി സാനൻ അഭിനയിച്ച രാഖി പരസ്യം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡ്. രക്ഷാബന്ധനുമായി ബന്ധപ്പെട്ട് GIVA പുറത്തിറക്കിയ പരസ്യമാണ് വിവാദത്തെ തുടർന്ന് പിൻവലിച്ചത്.
ബ്രാലെറ്റ് ധരിച്ച് നടി കൃതി സാനൻ സഹോദരനും വളർത്തുനായയ്ക്കും രാഖി കെട്ടുന്നതായിരുന്നു പരസ്യത്തിലെ ദൃശ്യങ്ങൾ. നടി ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് വിവാദം ഉയർന്നത്. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് ഉൾപ്പെടെയുള്ളവർ പരസ്യത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.
വിവാദം ശക്തമായതിന് പിന്നാലെയാണ് പരസ്യം പിൻവലിക്കുന്നതായി ജ്വല്ലറി കമ്പനി അറിയിച്ചത്. ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും ഉത്സവങ്ങളോടും തങ്ങൾക്ക് ഏറെ ബഹുമാനമുണ്ടെന്നും, പരസ്യം സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മനഃപൂർവമല്ലെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ആദരസൂചകമായി പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും പിൻവലിക്കുകയാണെന്നും കമ്പനി അറിയിച്ചു.
അതേസമയം, വിഷയത്തിൽ കങ്കണ റണൗട്ട് രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ കൃതി സാനനും സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. നടിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.




