കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി പരാതി. കൊല്ലം സ്വദേശിനിയാണ് കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. വിദേശത്തുനിന്ന് നാട്ടിലെത്തിയ ശേഷമാണ് യുവതി പരാതി നൽകിയത്.
തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് യുവതിയുടെ പരാതി. പിന്നീട് ഈ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് വിവരം യുവതിയെ അറിയിച്ചത്.
ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയനാക്കി പിന്തിരിപ്പിക്കാനായി യുവതി ഇയാളെ നാട്ടിലെത്തിച്ചെന്നും പരാതിയിൽ പറയുന്നു. തുടർച്ചയായി രണ്ട് ദിവസം കൗൺസിലിങ്ങിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭർത്താവ് ക്രൂരമായി മർദിച്ചതായും യുവതി ആരോപിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.




