തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിനത്തിൽ നടക്കേണ്ടിയിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21ന് നടത്താനിരുന്ന പരീക്ഷ ഓണാവധിക്ക് ശേഷം നടത്താനാണ് തീരുമാനം.
സ്കൂളുകളിൽ ഓണാഘോഷം നടക്കുന്ന ദിവസം തന്നെ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷ മാറ്റിയത്. ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷം നടക്കും. തുടർന്ന് സ്കൂളുകൾ അടയ്ക്കും. ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31നാണ് സ്കൂളുകൾ വീണ്ടും തുറക്കുക. മാറ്റിവച്ച എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം. പരീക്ഷ മാറ്റിയതോടെ ഓണാഘോഷ ദിനത്തിൽ പരീക്ഷയുടെ സമ്മർദമില്ലാതെ വിദ്യാർത്ഥികൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാം.




