രാജ്യത്ത് ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ ആദരിക്കുന്നതിനും ജീവൻ രക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ അംഗീകരിക്കുന്നതിനുമായാണ് എല്ലാ വർഷവും ജൂലൈ ഒന്നിന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്.
രോഗീപരിചരണത്തിനായി രാവും പകലും അശ്രാന്തമായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരോട് നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം, മികച്ച ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഈ ദിനത്തിനുണ്ട്.
‘ബിഹൈൻഡ് ദ മാസ്ക്: ഹൂ ഹീൽസ് ദ ഹീലേഴ്സ്’ എന്നതാണ് ഈ വർഷത്തെ ദേശീയ ഡോക്ടേഴ്സ് ദിന പ്രമേയം. ഡോക്ടർമാരുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ പ്രമേയം. മറ്റുള്ളവരെ പരിചരിക്കുന്നവർക്കും പരിചരണവും പിന്തുണയും ആവശ്യമാണെന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ഭാരതരത്ന ജേതാവും പ്രശസ്ത വൈദ്യനും പശ്ചിമ ബംഗാളിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനവും ചരമദിനവും ജൂലൈ ഒന്നിനായതിനാലാണ് ഈ ദിവസം ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഡോ. റോയ്.
രോഗനിർണയം മുതൽ സങ്കീർണ ശസ്ത്രക്രിയകളും മഹാമാരികളെയും ആരോഗ്യ അടിയന്തരാവസ്ഥകളെയും നേരിടുന്നതുവരെയുള്ള ഡോക്ടർമാരുടെ സേവനം സമൂഹത്തിന് അനിവാര്യമാണ്. അവരുടെ വൈദഗ്ധ്യത്തിനും സമർപ്പണത്തിനും നന്ദി അറിയിക്കുന്നതിനുള്ള അവസരമായാണ് ദേശീയ ഡോക്ടേഴ്സ് ദിനം കണക്കാക്കപ്പെടുന്നത്.
അതേസമയം, ഡോക്ടർമാർ നേരിടുന്ന അമിത ജോലിഭാരം, മാനസിക സമ്മർദ്ദം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയും ഈ ദിനത്തിൽ ചർച്ചയാകുന്നു. ആരോഗ്യപ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിലൂടെ മാത്രമേ കൂടുതൽ ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനവും മികച്ച രോഗീപരിചരണവും സാധ്യമാകൂവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.




