ഇരുമ്പനത്തെ വീടുകളിലും വണ്ടികളിലും കറുത്ത പൊടിപ്പടലം; ശ്വാസം മുട്ടി ജനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്ത്

കൊച്ചി: കൊച്ചിയിലെ ചിത്രപ്പുഴ, കരിങ്ങാച്ചിറ, ഇരുമ്പനം മേഖലകളിൽ ബുധനാഴ്ച പുലർച്ചെ വ്യാപകമായി കറുത്ത പൊടി പടർന്ന സംഭവത്തിൽ ആശങ്ക ശക്തമാകുന്നു. വീടുകളുടെയും വാഹനങ്ങളുടെയും ചെടികളുടെയും മുകളിലായി കറുത്ത പൊടി അടിഞ്ഞുകൂടിയ നിലയിലാണ് നാട്ടുകാർ രാവിലെ കണ്ടത്.

സമീപത്ത് പ്രവർത്തിക്കുന്ന കൊച്ചി റിഫൈനറിയിലെ പെറ്റ്കോക്ക് പ്ലാന്റിൽ നിന്നാണ് ഈ പൊടി വന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഒരു മാസം മുൻപ് ഇതേ മേഖലയിൽ വെളുത്ത പൊടിയും വ്യാപകമായി പടർന്നിരുന്നു. എന്നാൽ ഇത്തവണ കണ്ട കറുത്ത പൊടി വെള്ളത്തിൽ ലയിക്കുന്ന സ്വഭാവമുള്ളതാണെന്നും ഇത് പെറ്റ്കോക്കിന്റെ അവശിഷ്ടങ്ങളാകാമെന്നുമാണ് നാട്ടുകാരുടെ സംശയം.

റിഫൈനറിയിൽ പെട്രോളും ഡീസലും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ചശേഷം ലഭിക്കുന്ന കാർബൺ അടങ്ങിയ ഖര വസ്തുവാണ് പെറ്റ്കോക്ക്. ഇതിന്റെ സൂക്ഷ്മകണങ്ങൾ വായുവിലൂടെ പരന്നതാകാമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പെറ്റ്കോക്ക് ശ്വസിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെ തുടർന്ന് വീടുകളും പരിസരവും മലിനമായതായി ആരോപിച്ച് നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.

അതേസമയം, പെറ്റ്കോക്ക് പ്ലാന്റിൽ നിന്ന് പുറത്തേക്ക് പൊടി വ്യാപിക്കാതിരിക്കാൻ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് റിഫൈനറി അധികൃതർ അറിയിച്ചു. വലിയ ഡോം സംവിധാനവും, കവർ ചെയ്ത കൺവെയർ സംവിധാനവും, വാട്ടർ സ്പ്രിങ്ക്‌ളറുകളും പ്ലാന്റിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിശദീകരണം.

എന്നിരുന്നാലും, ഏതെങ്കിലും തരത്തിലുള്ള ചോർച്ചയോ സാങ്കേതിക തകരാറോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വിശദമായ പരിശോധന തുടരുകയാണെന്നും, പൊടി വീണതായി റിപ്പോർട്ട് ലഭിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും റിഫൈനറി അധികൃതർ വ്യക്തമാക്കി.

സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പരിശോധനാഫലങ്ങൾ കാത്തിരിക്കുകയാണ് പ്രദേശവാസികളും ബന്ധപ്പെട്ട വകുപ്പുകളും.

spot_img

Related news

ഭവനനിർമ്മാണ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പ്: നിർമ്മിതി കേന്ദ്ര മുൻ എഞ്ചിനീയർ കൃഷ്ണദത്തിന് 12 വർഷം തടവ്

മൂവാറ്റുപുഴ: വ്യാജ രേഖകൾ ചമച്ച് ഹൗസിംഗ് പദ്ധതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ...

മുന്നണിയിൽ പുകച്ചിൽ, പക്ഷേ മുഖ്യമന്ത്രിക്ക് കുലുക്കമില്ല; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി.ഡി...

ജന്മദിനത്തിൽ ദുരന്തം; അങ്കമാലിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി...

“പോലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല!” : എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന്...