കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കർണാടകയിൽ നിന്ന് എത്തിയ വാനിലാണ് പരിശോധനയിൽ അനധികൃത നമ്പർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
ഇരിട്ടി പയഞ്ചേരി മുക്കിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. കർണാടകയിൽ നിന്ന് കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ വാഹനമാണിത്.
പരിശോധനയിൽ വാനിൽ ഘടിപ്പിച്ചിരുന്ന നമ്പർ ഒരു ഇന്നോവ കാറിന്റേതാണെന്ന് കണ്ടെത്തി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ ഷോറൂമിൽ നിന്ന് വാഹനം പുറത്തിറക്കുകയും തുടർന്ന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു എന്നാണ് വിവരം.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും.




