മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ശമ്പളക്കാരും കര്‍ഷകരും മധ്യവര്‍ഗക്കാരും ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശമ്പളക്കാരായ നികുതിദായകര്‍ ആദായനികുതിയില്‍ വലിയ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് നിലവിലെ 75,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പുതിയ നികുതി വ്യവസ്ഥയില്‍ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഈ വര്‍ഷം മുതല്‍ ആശ്വാസമുണ്ടെങ്കിലും ഇത് 15 ലക്ഷം രൂപ വരെയാക്കി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതിനിടെ പുതിയ നികുതി രീതിയിലേക്ക് മാറിയവര്‍ക്കും ഭവനവായ്പ പലിശയില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. കിസാന്‍ സമ്മാന്‍ നിധി ആറായിരം രൂപയില്‍ നിന്നും 9000 രൂപയോ 12,000 രൂപയോ ആയി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇ പി എഫ് പെന്ഷന് ആയിരം രൂപയില്‍ നിന്നും കുറഞ്ഞത് 5000 രൂപ മുതല്‍ 7500 രൂപയായി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം, കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൊണ്ടുവരാനും വിള ഇന്‍ഷുറന്‍സ് വിപുലീകരിക്കാനുമുള്ള സാധ്യത, കൂടുതല്‍ വന്ദേ ഭാരത് സര്‍വീസുകളും പാത ഇരട്ടിപ്പിക്കലും, കേരളത്തിന്റെ കാര്യത്തില്‍ ഇ. ശ്രീധരന് നിര്‍ദേശിച്ച അതിവേഗ റെയില്‍പ്പാതയുടെ ഡി.പി.ആര് തയ്യാറാക്കാന്‍ തുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി കുറയ്ക്കുന്നത്, ചെറുകിട വ്യവസായ രംഗത്ത് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകളും നികുതി ആനുകൂല്യങ്ങളും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ എന്നിവയൊക്കെയാണ് മറ്റ് പ്രതീക്ഷകള്‍.




