പാലക്കാട്: പാലക്കാട്ടെ ഏക സർക്കാർ മെഡിക്കൽ കോളജ് നഗരത്തിന് സമീപം യാക്കരയിൽ സ്ഥാപിതമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും വിദഗ്ധ ചികിത്സ വേണമെങ്കിൽ ജനങ്ങൾ മറ്റുജില്ലകളിലേക്ക് പോകണം. അപകടങ്ങളിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ വരുന്ന രോഗികളെ ആദ്യം ജില്ല ആശുപത്രിയിലേക്കും അവിടെനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്കോ മറ്റു ജില്ലകളിലെ ആശുപത്രികളിലേക്കോ കൊണ്ടുപോകേണ്ട സ്ഥിതിയാണ്.
ആത്മഹത്യയോ കൊലപാതകമോ പോലുള്ള കേസുകളിൽ പോസ്റ്റുമോർട്ടം നടപടികൾ ജില്ല ആശുപത്രിയിലാണെങ്കിലും വിശദമായ പരിശോധന വേണമെങ്കിൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം. അപ്പോഴും ജില്ലയിലെ മെഡിക്കൽ കോളജ് പ്രയോജനപ്രദമാകുന്നില്ല. സ്വന്തമായി മെഡിക്കൽ കോളജ് വന്നാലെങ്കിലും വർഷങ്ങളായുള്ള ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇപ്പോഴും പഴയപടി തന്നെ. 2014ൽ ആണ് പട്ടികജാതി വകുപ്പിന് കീഴിൽ
പാലക്കാട് ഗവ. മെഡിക്കൽ കോളജ് സ്ഥാപിതമായത്. എന്നാൽ നിലവിൽ വന്ന് 12 വർഷമായിട്ടും മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ സൗകര്യം ലഭ്യമായി തുടങ്ങിയിട്ടില്ല. ദിവസവും ശരാശരി ആയിരത്തിലധികം രോഗികളാണ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
ഗൈനക്കോളജി വിഭാഗമൊഴികെയുള്ള വകുപ്പുകൾ മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നുണ്ട്. സ്പെഷൽ ഒ.പികൾ ജില്ല ആശുപത്രിയിൽ തന്നെയാണ്. സർജറി, നേത്രരോഗ വിഭാഗം, ഇ.എൻ.ടി, ഓർത്തോ വിഭാഗങ്ങളിൽ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ ആരംഭിച്ചിട്ടുണ്ട്. മെഡിസിൻ, സർജറി, ഓർത്തോ, പൾമനോളജി, ഇ.എൻ.ടി, നേത്രരോഗ വിഭാഗം, ത്വക്ക് രോഗം എന്നീ വിഭാഗങ്ങളിൽ കിടത്തിചികിത്സയുമുണ്ട്. എന്നാൽ, വിശദമായ ടെസ്റ്റ് സംവിധാനങ്ങളുൾപ്പെടെ കൂടുതൽ ചികിത്സ സൗകര്യം ഇവിടെ ഒരുക്കിയാൽ പാലക്കാട്ടുകാർക്ക് മറ്റു ജില്ലകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇത് സാമ്പത്തിക പ്രയാസവും കുറക്കും. മെഡിക്കൽ കോളജ് പൂർണമായും പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യത്തിൽ മന്ത്രിതലത്തിൽ ഇടപെടലുകളുണ്ടായിട്ടും ഇതുവരെ നടപടികളൊന്നുമായിട്ടില്ല.




