മലപ്പുറം: കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ഓൺലൈൻ ആസക്തികളും തടയുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ‘ഡി ഡാഡ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. മലപ്പുറം ജില്ലയിൽ പദ്ധതിയുടെയും ഡി ഡാഡ് സെന്ററിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദേശീയ തലത്തിൽ തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായാണ് ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മൊബൈൽ ഫോൺ ആസക്തി, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുക, അശ്ലീല സൈറ്റുകൾ സന്ദർശിക്കുക, സോഷ്യൽ മീഡിയയിലെ അമിതമായ ഇടപെടലുകൾ തുടങ്ങിയവ മൂലം കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ കൗൺസലിംഗിലൂടെ പരിഹരിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫോൺ ലഭിക്കാതെ വരുമ്പോൾ കുട്ടികൾ പ്രകടിപ്പിക്കുന്ന അമിതമായ ദേഷ്യം, അക്രമാസക്തമായ പെരുമാറ്റം, ആത്മഹത്യാ പ്രവണത, പഠനത്തിലെ ശ്രദ്ധക്കുറവ്, വിഷാദം എന്നിവ ഡിജിറ്റൽ അഡിക്ഷന്റെ ലക്ഷണങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക തെറാപ്പിയും മാർഗനിർദ്ദേശങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകൾ മുഖാന്തരം നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾക്ക് പുറമെ നേരിട്ടുള്ള കൗൺസലിംഗും ലഭ്യമാക്കും.
കൗൺസലിംഗിലൂടെ മാറാത്ത സങ്കീർണ്ണമായ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് മാനസികാരോഗ്യ വിദഗ്ധരുടെ വിദഗ്ധ ചികിത്സയും ഉറപ്പാക്കും. സഹായത്തിനായി 9497900200 എന്ന നമ്പറിലൂടെ ഡി ഡാഡ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഇത്തരത്തിൽ സഹായം തേടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.




