കണ്ണൂര്‍ തലശ്ശേരിയില്‍ ഓടുന്ന ബസിന് പിന്നില്‍ തൂങ്ങിനിന്ന് വിദ്യാര്‍ഥികളുടെ റീല്‍ ചിത്രീകരണം. പരാതി നല്‍കുമെന്ന് ബസ് ജീവനക്കാര്‍. വിദ്യാര്‍ഥികളുടെ അപകടകരമായ യാത്രയുടെ വിഡിയോ പുറത്തുവന്നു.
വിദ്യാര്‍ഥികള്‍ വാഹനത്തില്‍ സാഹസിക യാത്ര നടത്തുന്നതും ബസ് ജീവനക്കാര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന വിഡിയോയിലുണ്ട്. അപകടകരമായ ചില യാത്രകളുടെ ക്ലിപ്പുകള്‍ യോജിപ്പിച്ച് മാസ് ബിജിഎം കയറ്റിയാണ് വിദ്യാര്‍ഥികളുടെ റീല്‍. റീല്‍സിനായുള്ള കുട്ടികളുടെ ഇത്തരം സാഹസിക പ്രവര്‍ത്തികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും വലിയ എതിര്‍പ്പ് ഉയരുന്നുണ്ട്.
ബസ് ജീവനക്കാര്‍ അറിയാതെയാണ് മൂന്നിലേറെ വിദ്യാര്‍ഥികള്‍ ബസിന് പിന്നില്‍ തൂങ്ങിനിന്നത്. തലശ്ശേരി മുബാറക് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഈ വിധത്തില്‍ റീല്‍സ് ചിത്രീകരിച്ചത്. തലശ്ശേരി- വടകര റൂട്ടിലൂടെ ഓടുന്ന സ്വകാര്യ ബസ്സുകളിലായിരുന്നു ഈ അപകടയാത്ര. ബസിന്റെ പിന്നില്‍ തൂങ്ങി നിന്ന കുട്ടികളെ കണ്ടക്ടര്‍ ശകാരിച്ച് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.




