നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. വധശ്രമത്തിന് 2 യുവാക്കൾ പൊലീസ് പിടിയിലായി. മുതുകാട് തെക്കും പാടം കുന്നുംപുറത്ത് സുജിത്ത് (23) കൂറ്റമ്പാറ ചെറായി പൂരങ്ങാട്ട് ശ്രേയസ് ദാസ് ( 21 ) എന്നിവരെ ആണ് ഇൻസ്പെക്ടർ ബി.എസ്.ബിനു അറസ്റ്റ് ചെയ്തത്. വല്ലപ്പുഴ കൈപ്പഞ്ചേരി അനു ഫർസീന് (21) ആണു കുത്തേറ്റത്. 17ന് രാത്രി 9ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുടുംബസമേതം പാട്ടുത്സവ് നഗരിയിൽ എത്തിയതായിരുന്നു അനു ഫർസീൻ. 2 ദിവസം മുമ്പ് സുജിത്ത്, അനു ഫർസീന്റെ സുഹൃത്തിന് കൊടുക്കാനുള്ള ആയിരം രൂപയെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് അനു ഫർസീനെ ശ്രേയസ് പിടിച്ചുവക്കുകയും സുജിത്ത് കത്തികൊണ്ട് കുത്തുകയും ചെയ്തെന്നാണു കേസ്. പുറത്ത് ആഴത്തിൽ മുറിവേറ്റ് ഓടി രക്ഷപ്പെടവേ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരാണ് പിടിച്ചുമാറ്റിയത്. അനു ഫർസീനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മൊബൈൽ സ്വിച്ച് ഓഫാക്കി കടന്നുകളഞ്ഞ പ്രതികളെ ഇന്നലെ രാവിലെ വണ്ടൂരിൽനിന്നാണു പിടികൂടിയത്. സുജിത്ത് മുൻപ് അടിപിടി കേസിൽ ഉൾപ്പെട്ടയാളാണ്. സുഹൃത്തിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിന് ശ്രേയസിനെതിരെ രണ്ടാഴ്ച മുൻപ് നിലമ്പൂർ പൊലീസ് കേസ് എടുത്തിരുന്നു. ഡാൻസാഫ് സംഘത്തിലെ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, പി.സജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.




