ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. വായു ഗുണനിലവാര മേൽനോട്ട സമിതിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ തീരുമാനം. ദില്ലിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി AQI.
അതിനിടെ ദില്ലിയിൽ വായു മലിനീകരണത്തിനെതിരായ ജൻ സി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ ദില്ലി പൊലീസ്. ഇന്ത്യഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. വായു മലിനീകരണത്തിന്റെ മറവിൽ മാവോയിസം പ്രചരിപ്പിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നാണ് ബിജെപി വാദം. പ്രതിഷേധവുമായി അർബൻ നക്സലുകൾക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു.
ദില്ലിയിലെ വായുമലിനീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ അയൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കണമെന്നാണ് നിർദ്ദേശം. നൂതന സാങ്കേതികവിദ്യ വായുമലിനീകരണം കുറയ്ക്കാൻ ഫലപ്രദമായി ഉപയോഗിക്കണം. രാജസ്ഥാൻ ഹരിയാന പഞ്ചാബ് ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദേശം. നാല് സംസ്ഥാനങ്ങളിലെയും ദില്ലിയിലെയും ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശം നൽകിയത്.




