നമ്മുടെ ജോലി, സാമൂഹിക ജീവിതം, പഠനം എന്നിവയെ എല്ലാം തടസ്സപ്പെടുത്തുന്ന ഒരു മോശപ്പെട്ട ആരോഗ്യ അവസ്ഥയാണ് മൈഗ്രേന്. അതിഭീകരമായ തലവേദനയുമായി ഉണരുന്ന ദിവസങ്ങള്‍, വെയിലും തണുപ്പും ശബ്ദവും ഉറക്കപ്രശ്നങ്ങളും സ്ട്രെസും ഗന്ധവും ഭക്ഷണത്തിലെ പ്രശ്നങ്ങളും ഒക്കെ തല പൊളിക്കുന്ന വേദനയായി മാറുമ്പോള്‍ നിത്യജീവിതം ദുഷ്കരമായ അവസ്ഥയിലേക്ക് മാറുന്ന ധാരാളം ആളുകളുണ്ട്. മൈഗ്രേന് രോഗ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പലരും മരുന്നുകളെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ സഹിക്കാനാകാവുന്നതിനും അപ്പുറവുമാണ്. നമ്മുടെ ഭക്ഷണ ശീലങ്ങള്‍, ജീവിതശൈലി, അടിസ്ഥാന ആരോഗ്യ ഘടകങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന പോഷകക്കുറവ് മൈഗ്രേന് സാധ്യത വര്‍ധിപ്പിക്കുന്നു.
വിറ്റാമിന്‍ ഡി, റൈബോഫ്ളേവിന്‍, മഗ്നീഷ്യം, കോഎന്‍സൈം ക്യു 10 തുടങ്ങിയ പ്രധാന വിറ്റാമിനുകളുടെയും അവശ്യ ധാതുക്കളുടെയും കുറവ് മൈഗ്രേനിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂട്ടുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട്, ഓരോരുത്തരിലെയും ആവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് കണ്ടുപിടിച്ച് മൈഗ്രേന് എപ്പിസോഡുകളുടെ തീവ്രത, ദൈര്‍ഘ്യം ഇവയൊക്കെ നിയന്ത്രിക്കാന്‍ സഹായിക്കും.
സമീപ വര്‍ഷങ്ങളില്‍ നടന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവ് ഹോര്‍മോണ്‍ സംവിധാനങ്ങളെ ബാധിക്കുന്നു എന്നാണ്. ഇത് മൈഗ്രേന് വരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. വിറ്റാമിന്‍ ഡിയും മഗ്നീഷ്യവുമായി വളരെയധികം ബന്ധമുണ്ട്. ശരീരത്തിന് മഗ്നീഷ്യം ഫലപ്രദമായി ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്. അതുകൊണ്ട് മഗ്നീഷ്യത്തിന്റെ കുറവ് മെെഗ്രേനിലേക്ക് നയിക്കുന്നു.
മഗ്നീഷ്യം നാഡീവ്യവസ്ഥയുടെ സ്ഥിരതയെ എങ്ങനെ ശക്തിപ്പെടുത്തുന്നു
നാഡീ സിഗ്നലിംഗ് ന്യൂറോമസ്കുലര്‍ സ്ഥിരത എന്നിവ ഉള്‍പ്പെടെ ധാരാളം ശാരീരിക പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മഗ്നീഷ്യം വിറ്റാമിന്‍ ഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ക്ക് പ്രതിദിനം 310 മുതല്‍ 320 മില്ലിഗ്രാം വരെയും പുരുഷന്മാര്ക്ക് 400 മുതല്‍ 420 മില്ലിഗ്രാം വരെയും മഗ്നീഷ്യം കഴിക്കാമെന്നാണ് പറയുന്നത്.
വിറ്റാമിന്‍ ബി12 അഥവാ റിബോഫ്ളേവിന്
വിറ്റാമിന്‍ ബി12 കോശങ്ങളിലെ ഊര്‍ജ്ജ ഉത്പാദനത്തെ സഹായിക്കുന്നു. അതോടൊപ്പം ഊര്‍ജ്ജം വര്‍ധിപ്പിക്കാനും മൈഗ്രേന് ഉണ്ടാകുന്നത് കുറയാനും സഹായിക്കും. മുതിര്‍ന്നവരില്‍ നടത്തിയ ചില പരീക്ഷണങ്ങള്‍ ഇത് തെളിയിച്ചിട്ടുണ്ട്.
കോ എന്‍സൈം Q10 ന്റെ പങ്ക്
മൈറ്റോകോണ്ട്രിയല് ഊര്‍ജ്ജ ഉത്പാദനത്തിന് നിര്‍ണായകമായ ഒരു പോഷകമാണ് കോ എന്‍സൈം Q10. മൈഗ്രേന് തലവേദന തടയാന്‍ കോഎന്‍സൈം ക്യു10 സപ്ലിമെന്റുകള്‍ സഹായിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്.
എന്തുകൊണ്ടാണ് മൈഗ്രേന് ഉണ്ടാകുന്നത്
മൈഗ്രേന് ലോക ജനസംഖ്യയുടെ 12 ശതമാനത്തോളം പേര്‍ക്കും അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഏറ്റവും സാധാരണമായ നാഡീവ്യവസ്ഥ പ്രശ്നങ്ങളില്‍ ഒന്നാണ് മൈഗ്രേന്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്റര്‍നാഷണല്‍ ഹെഡേക് സൊസൈറ്റി മൈഗ്രേയ്നിന്റെ രണ്ട് പ്രധാന അവസ്ഥകളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന് ഓറയില്ലാത്ത മൈഗ്രേന് ആണ്. അത് 4 മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ലഘുവോ കഠിനമോ ആയ തലവേദനയെ സൂചിപ്പിക്കുന്നു. പലപ്പോഴും ഓക്കാനം, വെളിച്ചം കാണുമ്പോഴും ഉച്ചസ്ഥായിലിലുള്ള ശബ്ദം കേള്‍ക്കുമ്പോഴുമുള്ള ബുദ്ധിമുട്ട്, തുടങ്ങിയ ലക്ഷണങ്ങള്‍ ഇവയോടൊപ്പം ഉണ്ടാകുന്നു.
രണ്ടാമത്തേത് ഓറയുള്ള മൈഗ്രെന്‍ ആണ്. ഇവിടെ കാഴ്ചയിലെ പ്രശ്നങ്ങള്‍, സംസാരിക്കാനുളള ബുദ്ധിമുട്ടുകള്‍, അസ്വസ്ഥതകള്‍ തുടങ്ങിയ താല്‍ക്കാലിക ന്യൂറോളജിക്കല്‍ അസ്വസ്ഥതകള്‍ ഉള്‍പ്പെടുന്നു. ഇവ ക്രമേണ വികസിക്കുകയും സാധാരണയായി അഞ്ച് മുതല്‍ 60 മിനിറ്റ് വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
ട്രിഗറുകള്‍ പലരിലും വ്യത്യാസപ്പെട്ടേക്കാം. ചില വ്യക്തികള്‍ക്ക് ചില ഭക്ഷണങ്ങളോടുള്ള അലര്‍ജികൊണ്ട് മൈഗ്രേന് ഉണ്ടാകാറുണ്ട്. മറ്റു ചിലര്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ ശക്തമായ ഗന്ധം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളോട് പ്രതികരിക്കുന്നു. നിര്‍ജ്ജലീകരണം, സമ്മര്‍ദ്ദം, ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ അല്ലെങ്കില്‍ ക്രമരഹിതമായ ഉറക്ക രീതികള്‍ എന്നിവയുമായും മൈഗ്രേന് എപ്പിസോഡുകള്‍ ബന്ധപ്പെട്ടിരിക്കാം. ചിലര്‍ക്ക് ഭക്ഷണവും സപ്ലിമെന്റേഷനും ഒരു കാരണമായി മാറിയേക്കാം.
മൈഗ്രേന് എങ്ങനെ നേരിടാം
ഇടയ്ക്കിടെയുള്ളതോ കഠിനമായതോ ആയ മൈഗ്രേന് അനഭവിക്കുന്നവര്‍ രോഗ നിര്‍ണയം നടത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യേണ്ടതാണ്. ജീവിത ശൈലിയിലെ ചില മാറ്റങ്ങളും ഇതിന് സഹായിച്ചേക്കാം. ദിവസേനെ ചെയ്യുന്ന ദിനചര്യകള്‍ കൃത്യമായി പാലിക്കുക. പ്രത്യേകിച്ച് ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും സമയങ്ങള്‍. മാത്രമല്ല ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, ചെറിയ രീതിയിലുള്ള വ്യായാമം, ശരീര ഭാരം നിയന്ത്രിക്കല്‍ എന്നിവയും മൈഗ്രേന് ചികിത്സയെ സഹായിക്കുന്നു. മാത്രമല്ല ഒരു മൈഗ്രേന് ഡയറി സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഇതിലൂടെ മെെഗ്രേനിലേക്ക് ട്രിഗര്‍ ചെയ്യുന്നത് എന്തെല്ലാമാണെന്ന് കണ്ടുപിടിക്കാനായേക്കും. സമ്മര്‍ദ്ദ നിയന്ത്രണവും ഏറെ പ്രധാനമാണ്. ശ്വസന വ്യയാമങ്ങള്‍, ധ്യാനം ഇവയൊക്കെ മൈഗ്രേന് വരാനുള്ള സാധ്യത കുറയ്ക്കുന്നു.




