അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ടര പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. പുത്തനങ്ങാടി ചോലയില്‍ കുളമ്പ് വടക്കേക്കര കൂരിമണ്ണില്‍ വലിയമണ്ണില്‍ സിറാജുദ്ദീന്റെ വീട്ടില്‍ നിന്നാണ് ഞായറാഴ്ച വൈകീട്ട് ആറോടെ വീട്ടിലെ രണ്ടു മുറികളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷണം പോയത്. മകനും മരുമകളും മാതാവിനെ കൊണ്ടുവരാന്‍ വൈകീട്ട് നാലരയോടെ സഹോദരിയുടെ വീട്ടില്‍ പോയിരുന്നു. 6.50ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.
വീടിന് മുകളില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ 5.45 വരെ ജോലിക്കാരുണ്ടായിരുന്നു. ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമാണ് വീട്ടില്‍ ആളില്ലാതിരുന്നത്. മാല, വള, കൈച്ചെയിന്‍, മോതിരം തുടങ്ങിയവയാണ് കവര്‍ന്നത്. താഴെ നിലയുടെ രണ്ട് വാതിലുകളും പൂട്ടിയ നിലയില്‍ തന്നെയായിരുന്നു. മുകള്‍ നിലയില്‍ പണി നടക്കുന്ന വഴിയിലൂടെയാണോ മോഷ്ടാവ് അകത്ത് കയറിയതെന്നാണ് സംശയം. പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.




