മലപ്പുറം: തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയെ ചൊല്ലി പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയും കയ്യാങ്കളിയും. തെരഞ്ഞെടുപ്പ് കൺവെൻഷന് എത്തിയ ലീഗ് പ്രതിനിധിയായ മുസ്‌ലിം ലീഗിന്‍റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും പ്രവർത്തകർ തടഞ്ഞു. മൂന്ന് തവണ ജനപ്രതിനിധി ആയവരെ വീണ്ടും സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ചായിരുന്നു കയ്യേറ്റം.
പ്രാദേശിക ഘടകം നിർദേശിച്ച ആളെ പരിഗണിക്കാതെയാണ് മൂന്ന് ടേം വ്യവസ്ഥ കാറ്റിൽ പറത്തിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം എന്നായിരുന്നു പ്രവർത്തകരുടെ ആക്ഷേപം. മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കണമെന്ന് ഇന്നലെ ലീഗ് നേതൃത്വം നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി മുസ്‌ലിം ലീഗ് സർക്കുലർ ഇറക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരിൽ മൂന്ന് തവണ മത്സരിച്ചിട്ടുണ്ടെങ്കിൽ അവർ മാറി നിൽക്കണമെന്നായിരുന്നു സർക്കുലർ. ഇത് ജില്ലാ തലത്തിലടക്കം നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഴ സർക്കുലറിൽനിന്നും തീരുമാനത്തിൽനിന്നും ലീഗ് മലക്കം മറിഞ്ഞു. നേരത്തെ വ്യവസ്ഥ മൂലം മാറി നിന്നവർക്ക് അനിവാര്യമാണെങ്കിൽ മത്സരിക്കാം എന്നായിരുന്നു മുസ്‌ലിം ലീഗിന്റെ പുതിയ സർക്കുലർ. മത്സരിക്കാൻ ബന്ധപ്പെട്ട വാർഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതി മാത്രം മതിയെന്നും പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നായിരുന്നു ലീഗിന്റെ ന്യായീകരണം. പാർട്ടിയുടെ യുവ ജനസംഘടനകളടക്കം ഇതിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
എന്നാൽ മൂന്ന് ടേം വ്യവസ്ഥ എന്ന തീരുമാനത്തിൽ മാറ്റമില്ലെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്. മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ ബന്ധപ്പെട്ട കമ്മറ്റികൾ ശുപാർശ ചെയ്താൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളുവെന്നും പുതുതായി കൊണ്ടുവന്ന ഭേദഗതിയാണിതെന്നും മൂന്ന് തവണയിൽ അധികം ജനപ്രതിനിധി ആയവർക്ക് ഈ പരിഗണന ലഭിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.




