മഞ്ചേരി: കഞ്ചാവ് കടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികൾക്ക് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കോട്ടക്കല്‍ തോക്കാംപാറ ഗാന്ധിനഗര്‍ കുന്നത്തു പടിയന് വീട്ടിൽ അബ്ദുല്‍ റഹീം (25), കല്പകഞ്ചേരി തെക്കോട്ടില്‍ വീട്ടില്‍ ഹനീഫ (34) എന്നിവരെയാണ് ജഡ്ജി ടി.ജി വർഗീസ് ശിക്ഷിച്ചത്.
പിഴടയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവും അനുഭവിക്കണം. 2023 മേയ് 13ന് വൈകീട്ട് ആറരക്ക് എടരിക്കോട് മമ്മാലിപ്പടിയിലാണ് സംഭവം. വാഹന പരിശോധന നടത്തുന്ന കോട്ടക്കല്‍ പൊലീസിനെ കണ്ട് രണ്ടു പ്രതികളും കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. പിന്തുടര്‍ന്ന പൊലീസ് രണ്ടാം പ്രതി ഹനീഫയെ പിടികൂടുകയും 1.35 കിലോ ഗ്രാം കഞ്ചാവ് കാറില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്ത എസ്.ഐ അശ്വിത് എസ് അന്വേഷണം നടത്തുകയും പിന്നീട് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ് 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 42 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി. എസ്.ഐ സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലൈസന് ഓഫിസര്‍.




