നിലമ്പൂരിലെ 2.32 ലക്ഷം വോട്ടർമാർ നാളെ വിധിയെഴുതും; പുതിയ എംഎൽഎ ആരെന്നു 23ന് അറിയാം

നിലമ്പൂര്‍ മണ്ഡലത്തിലാകെ ആവേശം നിറച്ചു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊടിയിറങ്ങി. വാശിയേറിയ മത്സരത്തിന്റെ പ്രതിഫലനം പോലെ, കലാശക്കൊട്ടും മൂന്നു മുന്നണികളും ശക്തിപ്രകടനമാക്കി മാറ്റി. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ കലാശക്കൊട്ടില്‍നിന്നു വിട്ടുനിന്നു. ഇന്നു നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ 2.32 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും. പുതിയ എംഎല്‍എ ആരെന്നു 23ന് അറിയാം. മോശം കാലാവസ്ഥയിലും സ്വന്തം വോട്ടുകള്‍ പോള്‍ ചെയ്തുവെന്നുറപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങളിലേക്കു സ്ഥാനാര്‍ഥികളും മുന്നണികളും കടന്നു. വിജയം ഉറപ്പാണെന്നു മൂന്നു മുന്നണി സ്ഥാനാര്‍ഥികളും പി.വി അന്‍വറും അവകാശപ്പെട്ടു.

മണ്ഡലത്തിലെ പ്രധാന ടൗണുകളായ നിലമ്പൂരിലും എടക്കരയിലുമാണു കലാശക്കൊട്ടു നടന്നത്. സ്ഥാനാർഥികൾക്കു വ്യത്യസ്ത ഇടങ്ങൾ നിശ്ചയിച്ചു നൽകിയിരുന്നതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. റോഡ് ഷോയും പ്രകടനവുമായി നഗരത്തെ ഇളക്കിമറിച്ചാണ് മൂന്നു മുന്നണികളും പ്രചാരണത്തിനു തിരശ്ശീലയിട്ടത്. എസ്ഡിപിഐയും നൂറുകണക്കിനാളുകളെ അണിനിരത്തി ശക്തി തെളിയിച്ചു. പ്രചാരണക്കാലയളവിൽ പല വിവാദങ്ങൾ ഉയർന്നുവന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിലാണു യുഡിഎഫ് കേന്ദ്രീകരിച്ചത്.

വെൽഫെയർ പാർട്ടി പിന്തുണ ചൂണ്ടിക്കാട്ടി യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ നിരന്തരം ശ്രമിച്ച എൽഡിഎഫ് ക്ഷേമപെൻഷൻ വാങ്ങുന്നവരെ അപമാനിച്ചുവെന്ന പഴയ ചർച്ചയിലേക്കു മടങ്ങിപ്പോകുന്നതാണ് അവസാന ദിവസം കണ്ടത്. ഇരു മുന്നണികളും വർഗീയ ശക്തികളെ പ്രീണിപ്പിക്കാൻ മത്സരിക്കുന്നുവെന്ന പ്രചാരണത്തിലാണു ബിജെപി ഊന്നിയത്. കലാശക്കൊട്ടിൽനിന്നു വിട്ടുനിന്നെങ്കിലും ഇരു മുന്നണികൾക്കുമെതിരെ ആഞ്ഞടിച്ചു പതിവു ശൈലിയിൽ പി.വി അൻവറും കളംനിറഞ്ഞു. 42% അടിസ്ഥാന വോട്ടുള്ള മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തിനു പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷമെന്ന അടിയുറച്ച ആത്മവിശ്വാസത്തിലാണു യുഡിഎഫ്.

എം.സ്വരാജിന് 10,000 ഭൂരിപക്ഷം എൽഡിഎഫും കണക്കുകൂട്ടുന്നു. പി.വി അൻവർ പിടിക്കുന്നതു യുഡിഎഫ് വോട്ടാകുമെന്ന നിഗമനമാണ് ഇതിന്റെ അടിസ്ഥാനം. യുഡിഎഫ് ക്യാംപിൽ നിന്നു വോട്ടുചോരുമെന്ന പ്രതീക്ഷയും ഈ കണക്കിലുണ്ട്. മോഹൻ ജോർജിലൂടെ വോട്ടുശതമാനം ഉയർത്താമെന്ന ഉറപ്പിലാണ് എൻഡിഎ. അൻവർ പിടിക്കുന്ന വോട്ടുകൾ എതിരാളിയുടെ വിജയപ്രതീക്ഷയിലാണു കത്രികവയ്ക്കുകയെന്ന് ഇരു മുന്നണികളും വിശ്വസിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ജയം സിറ്റിങ് പാർട്ടിക്കായിരുന്നു. ആ സമവാക്യം നിലമ്പൂരിൽ അട്ടിമറിക്കപ്പെടുമോയെന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. ഫലത്തിൽ 2026ന്റെ സൂചന കൂടിയുണ്ടാകുമെന്നതിനാൽ ഇരു മുന്നണികൾക്കും ഇതു ജീവന്മരണ പോരാട്ടമാണ്.

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...