മഴ ഇല്ലാതായതോടെ പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.ഓഗസ്റ്റ് മാസത്തില്‍ മഴമേഘങ്ങള്‍ മാറി നിന്നതോടെയാണ് സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നത്.
ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയര്‍ന്നു. ജലാശയങ്ങളില്‍ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങള്‍ വരണ്ടു തുടങ്ങുകയും ചെയ്തു. പാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരും കര്‍ഷകരും ആശങ്കയിലാണ്.
കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 42.6 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ഓഗസ്റ്റില്‍ ആകെ ലഭിച്ചത് ആറു സെന്റി മീറ്റര്‍ മഴ മാത്രമാണ്. 1911ല്‍ 18.2 സെന്റി മീറ്റര്‍ മഴ ലഭിച്ചതാണ് ഇതിനു മുമ്പ് ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ മഴ.
രാജ്യത്ത് കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഈ വര്‍ഷമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതല്‍ 33 ശതമാനം വരെ കുറവാണ് മഴക്കണക്കില്‍ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍.
കനത്ത ചൂടില്‍ സംസ്ഥാനം വലയുമ്പോള്‍, മഴക്കണക്കില്‍ വന്നിട്ടുള്ള കുറവ് ആശങ്കയുയര്‍ത്തുന്നതാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓഗസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിക്കേണ്ടുന്ന മഴയുടെ ആറ് ശതമാനം മാത്രമാണ് ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ 10 ശതമാനവുമാണ് മഴ ലഭിച്ചത്.