ആലപ്പുഴ: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള റെയില്‍വെ മന്ത്രിയുടെ നിര്‍ദ്ദേശം അംഗീക്കരിക്കാനാവില്ലെന്ന് കെ.സി. വേണുഗോപാല്‍ എംപി. എറണാകുളം-കായംകുളം പാസഞ്ചര്‍ സ്ഥിരമായി വന്ദേഭാരത് എക്സ്പ്രസ് കടന്ന് പോകാന്‍ പിടിച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് റെയില്‍വെ മന്ത്രിയെ അറിയിച്ചപ്പോഴാണ് റൂട്ട് മാറ്റാമെന്ന് മന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അപ്രായോഗികമാണെന്നും നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയെന്നും വേണുഗോപാല്‍ അറിയിച്ചു.
അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ വര്‍ഷം മുഴുവന്‍ വിദേശ സഞ്ചാരികളടക്കം ദൈനംദിനം വന്നുപോകുന്നതിനാല്‍ വന്ദേഭാരത് പോലുള്ള പ്രീമിയം സര്‍വീസുകള്‍ അനിവാര്യമാണ്. വന്ദേഭാരതിന് മുന്‍ഗണന നല്‍കുന്നതിനാല്‍ മറ്റു ട്രെയിനുകള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. യാത്രാദുരിതത്തിന് സമയക്രമം പുനഃക്രമീകരിച്ച് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്. അതിനുള്ള പ്രായോഗിക മാര്‍ഗം തേടുന്നതിന് പകരം വന്ദേഭാരത് എക്‌സ്പ്രസ് ആലപ്പുഴ റൂട്ടില്‍ നിന്ന് പിന്‍വലിക്കുന്നത് യാത്രാ ദുരിതം ഇരട്ടിയാക്കുമെന്നും എംപി വ്യക്തമാക്കി.
തീരദേശപാത വഴിയുള്ള ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ക്രിയാത്മകമായ നടപടികളൊന്നും ഉണ്ടായില്ല. ആലപ്പുഴ-എറണാകുളം റൂട്ടില്‍ മെമു, പാസഞ്ചര്‍ ട്രെയിനുകളുടെ ബോഗികളുടെ എണ്ണം വര്‍ധിപ്പിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണണം, എറണാകുളം-കൊല്ലം ഭാഗത്ത് തീരദേശപാത വഴി പുതിയ പാസഞ്ചര്‍ ട്രെയിന്‍ വേണം എന്നീ ആവശ്യങ്ങളും റെയില്‍വെയ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. എറണാകുളം-അമ്പലപ്പുഴ ഭാഗത്ത് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പാത ഇരട്ടിപ്പിക്കല്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് റെയില്‍വെ മുന്‍ഗണന നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.