പേ വിഷബാധ നിയന്ത്രിക്കാന്‍ മുഴുവന്‍ തെരുവുനായകള്‍ക്കും വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 20 മുതല്‍ ഒരുമാസമാണ് വാക്‌സിനേഷന്‍ യജ്ഞം. തദ്ദേശസ്ഥാപനങ്ങള്‍ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളില്‍ വാക്‌സിനെത്തിക്കുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. നായകള്‍ കൂട്ടമായുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. തിങ്കളാഴ്ച ഉന്നതതല യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലനം ലഭിച്ച നായപിടിത്തക്കാര്‍ നേതൃത്വം നല്‍കും. കോവിഡുകാലത്തെ സന്നദ്ധസേനാംഗങ്ങളെ ഭാഗമാക്കും. സംസ്ഥാനത്ത് മൂന്നുലക്ഷം തെരുവുനായകളുണ്ട്. ദിവസം പതിനായിരം എണ്ണത്തിനെങ്കിലും വാക്‌സിന്‍ നല്‍കും. ഭക്ഷണത്തിലൂടെ വാക്‌സിന്‍ നല്‍കുന്ന രീതിയും പരീക്ഷിക്കാന്‍ ഉപദേശമുണ്ട്. വാക്‌സിനെടുത്തവയെ തിരിച്ചറിയാന്‍ സ്‌പ്രേ പെയിന്റ്, മൈക്രോ ചിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആറുലക്ഷം ഡോസ് വാക്‌സിന്‍ മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുണ്ട്. കൂടുതല്‍ ലഭ്യമാക്കാനും നടപടിയായി.