തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാന്‍ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. കെല്‍ട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറില്‍ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയല്‍ പിടിച്ച് വച്ചത്. ഏപ്രില്‍ മാസം മുതല്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഉദ്ഘാടനം നടത്താനോ ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനോ ഗതാഗത വകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് 726 ഇടങ്ങളിലാണ് 235 കോടി ചെലവിട്ട് സ്ഥാപിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഗതാഗതവകുപ്പ് സ്ഥാപിച്ചത്. കേരളം നീളെ ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണുമായി കരാറുണ്ടാക്കിയത് 2019ല്‍. 235 കോടി കെല്‍ട്രോണ്‍ മുടക്കും. ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങി അഞ്ച് വര്‍ഷത്തിന് ഉള്ളില്‍ റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്ന് പണം തിരിച്ചടക്കണം. ട്രയല്‍ റണ്‍ നടത്തി ഗതാഗത വകുപ്പ് ഉദ്ഘാടനം നിശ്ചയിച്ചപ്പോഴാണ് കരാറിലെ കുരുക്ക് പണിയായത്. അന്തിമ അനുമതിക്ക് എത്തിയ ഫയല്‍ ചീഫ് സെക്രട്ടറി മടക്കി.