എടക്കര: നാടുകാണി – ഗൂഡല്ലൂർ റോഡും നന്നാക്കുന്നതോടെ ഇനി നടുവൊടിയാതെ നാടുകാണിയിലെത്താം. നാടുകാണി – ഗൂഡല്ലൂർ റോഡിൽ ചെമ്പാല ടീ ഫാക്ടറി മുതൽ ഗൂഡല്ലൂർ പഴയ ബസ് സ്റ്റാൻഡ് വരെ 2 കിലോമീറ്ററോളം ദൂരമാണ് റോഡ് നവീകരിക്കുന്നത്. വർഷങ്ങളോളമായി ഇത്രയും ദൂരം റോഡ് തകർച്ചയിലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ടൂറിസ്റ്റ് വാഹനങ്ങളുടെ തിരക്കുള്ള സമയങ്ങളിൽ മണിക്കൂറുകളുടെ താമസമാണ് 2 കിലോമീറ്റർ ദൂരം കടക്കാൻ നേരിട്ടിരുന്നത്.
നാടുകാണി ചുരം റോഡിന്റെ നവീകരണവും നടന്നുവരുന്നുണ്ട്. സംസ്ഥാന അതിർത്തി മുതൽ നാടുകാണി ജംക്ഷൻ വരെ 6 കിലോമീറ്ററിനിടയിൽ 4 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. ഇതിൽ ടാറിങ്ങും ചിലയിടങ്ങളിൽ പൂട്ടുകട്ടയും പതിച്ചാണ് നവീകരിക്കുന്നത്. വർഷങ്ങളേറെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് റോഡ് നവീകരിക്കാൻ നടപടിയുണ്ടായത്.




