പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു അത്. ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്കുന്ന തരത്തിലാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വേകളും. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് 121 മുതല്‍ 141 സീറ്റ് വരെയും മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.
ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്. തൊഴില്‍രഹിതരുടെയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ മഹാസഖ്യത്തിനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ എന്നിവരുടെ പിന്തുണ എന്‍ഡിഎയ്ക്കാണ് എന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.




