വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കഴിഞ്ഞു. 2012 പേര്‍ കൊല്ലപ്പെടുകയും 2059 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ 1404 പേരുടെ നില ഗുരുതരമാണ്. പല മേഖലകളിലും എത്തിച്ചേരാനാകാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് മൊറോക്കന്‍ സൈന്യം സഞ്ചാരയോഗ്യമാക്കി. വെള്ളി രാത്രി 11.11നാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി.
വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായ ലോക പൈതൃക പദവിയുള്ള നഗരമായ മരാക്കേഷിന് 71 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറായി അറ്റ്‌ലസ് പര്‍വതനിരകളിലെ ഇഖില്‍ ആണ് പ്രഭവകേന്ദ്രം. അല്‍ ഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. തൊട്ടുപിന്നില്‍ തരൂഡന്റ് പ്രവിശ്യയാണ്. ചരിത്ര നഗരമായ മാരാകേഷില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മരണം കുറവാണ്.
ഭൂകമ്പമുണ്ടായ മൊറോക്കോയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സഹായം വാഗ്ദാനം ചെയ്തും ലോക രാജ്യങ്ങള്‍. മൊറോക്കോയിലെ ജനതയുടെ ഉല്‍ക്കണ്ഠയും ദുഃഖവും റഷ്യ പങ്കിടുന്നതായി പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ശക്തമായ ഭൂകമ്പത്തില്‍ 50,000-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട തുര്‍ക്കിയും പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
തുര്‍ക്കിയ പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗന്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഉക്രയ്ന്‍ പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്‌കി, ജര്‍മന്‍ വിദേശമന്ത്രി അന്നലേന ബര്‍ബോക്ക്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, സ്‌പെയ്ന്‍ ആക്ടിങ് പ്രധാനമന്ത്രി പെദ്രോ സാഞ്ചേസ്, ആഫ്രിക്കന്‍ യൂണിയന്‍, തയ്വാന്‍, യുഎഇ അധികൃതര്‍ എന്നിവരും പിന്തുണയും അനുശോചനവും അറിയിച്ചു.