കോട്ടയം: പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേരി റോയി (89) അന്തരിച്ചു. തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് മേരി റോയി ശ്രദ്ധേയയായത്. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.
പി വി ഐസക്കിന്റെ മകളായി 1933ലാണ് മേരി റോയിയുടെ ജനനം. കോട്ടയത്തെ ആദ്യ സ്‌കൂളുകളിലൊന്നായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയാണ്. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ക്വീന്‍ മേരീസ് കോളജില്‍ നിന്ന് ബിരുദം നേടി.
കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്.
വിദ്യാഭ്യാസത്തില്‍ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവര്‍ത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും സ്‌കൂളില്‍ നടപ്പിലാക്കി.