തൃശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയും വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗവുമായ ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്.
ടാപ്പിംഗിനായി എത്തിയ തൊഴിലാളികളാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. തൊഴിലാളികൾ താമസിക്കുന്ന പാടിക്ക് സമീപത്തായിരുന്നു പുലിയുടെ ആക്രമണം. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു.
നാല് ദിവസം മുൻപ് ഇതേ പ്രദേശത്ത് പുലിയിറങ്ങി നായയെ കൊന്നിരുന്നു. നേരത്തെയും ഷീലയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി ആക്രമിച്ചിരുന്നു. നാലാം തവണയാണ് ഷീലയുടെ വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയാക്രമണമുണ്ടാകുന്നത്.
മാസങ്ങളായി പുലിശല്യത്തിൽ ഭീതിയിലാണ് പ്രദേശവാസികൾ. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചക്കിപ്പറമ്പ് ആദിവാസി ഉന്നതിക്ക് സമീപം പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ ഇവിടെനിന്ന് ഒരു കിലോമീറ്റർ മാറിയാണ് വീണ്ടും പുലിയാക്രമണമുണ്ടായത്.
ജനവാസ മേഖലയോട് ചേർന്ന് തുടർച്ചയായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിൽ പുലിയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




