കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരും. ഉച്ചക്ക് 12ന് മലപ്പുറം കലക്ടറേറ്റിലാണ് യോഗം .
റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ച പ്രകാരമാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് പുനഃസ്ഥാപിക്കണമെങ്കില്‍ റണ്‍വേ വികസനത്തിനായി 18.5 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
കരിപ്പൂരിന്റെ വികസനം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കരിപ്പൂരിലുണ്ടായ അപകടത്തിനു പിന്നാലെ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ലെന്ന് വ്യോമയാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.