കോഴിക്കോട്: ക്ലാസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് സമൂഹത്തിന് വലിയ ദോഷം ചെയ്യുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പിഎംഎ സലാം ആരോപിച്ചു. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ല. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ചിരുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും ജപ്പാന്‍ ഇതിന് ഉദാഹരണമാണ്. ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തെ മതപരമായല്ല ലീഗ് കാണുന്നതെന്നും ധാര്‍മിക പ്രശ്‌നമായാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളിലെല്ലാം പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണെന്നും പിഎംഎ സലാം ആരോപിച്ചു. യാതൊരു മാനദണ്ഡവുമില്ലാതെ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലെ തീരുമാനങ്ങളാണ് പിഎംഎ സലാം വിശദീകരിച്ചത്. ലിബറലിസത്തിന്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിര്‍ദ്ദേശത്തിനു പിന്നില്‍. ഇത് എല്ലാ മതവിശ്വാസികളുടെയും പ്രശ്‌നമാണ്. മതവിശ്വാസങ്ങളില്‍ കാലാനുസൃത മാറ്റം എന്നൊന്നില്ല. ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. പുരുഷ വസ്ത്രം സ്ത്രീയില്‍ അടിച്ചേല്പിക്കുന്നതിനു പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാര്‍ക്ക് സ്ത്രീകളെ ബഹുമാനിച്ചു കൂടേ എന്നും പിഎംഎ സലാം ചോദിച്ചു.